2012, ജനുവരി 1, ഞായറാഴ്‌ച

അവള്‍, ശിവന്റെ വള്ളി

രാവിലെ തന്നെ സിറ്റൌട്ടിലെ തിണ്ണയില്‍ നിരന്നിരിക്കുന്ന രണ്ട് പ്ലാസ്റിക് കുപ്പികള്‍. അതാണ് അടയാളം. അവര്‍ വന്നിട്ടുണ്ട്. നമ്മള്‍ ഉണരുന്നതിനുമുന്‍പേ
വന്ന്, തേപ്പ് പെട്ടിയില്‍ കരിനിറച്ച് തീപിടിപ്പിച്ച്, കനലാക്കി, ചൂടാവാന്‍ വച്ച്, മറ്റുവീടുകളില്‍ തുണിവാങ്ങാന്‍ പോവും.
കുളിച്ച് വൃത്തിയായി, വെളുത്ത മുണ്ടും ഷര്‍ട്ടുമിട്ട് കിട്ടാവുന്ന അമ്പലത്തിലെയെല്ലാം പ്രസാദങ്ങള്‍ തൊട്ട്, നിറഞ്ഞ ചിരിയുമായി
അവര്‍ മൂന്നു പേരെത്തും. മേഖലകള്‍ പകുത്തെടുത്തിട്ടുണ്ട് പരസ്പരം . മൂന്ന് ഉന്തുവണ്ടികള്‍ ഇടുന്നത് തൊട്ടടുത്ത മൂന്നു വീട്ടിലാണ്. കുടിക്കാനുള്ള വെള്ളം
ഞങ്ങളുടെ വീട്ടില്‍ നിന്ന്. അമ്മൂമ്മയായി തുടങ്ങി വച്ച പതിവ്. ഞങ്ങളുടെ പ്രദേശത്ത് തേക്കുന്നയാള്‍ പരമശിവം. കറുകറുത്ത ദേഹത്ത് തിളങ്ങുന്ന പല്ലുമായി “ചെച്ചീ…. ‘ എന്ന് നീട്ടിവിളിച്ച് അവനുണ്ടാവും ആഴ്ച്ചയിലെ മിക്കദിവസങളിലും ഞങ്ങളുടെ മാവിന്‍ ചുവട്ടില്‍.

ഇടക്ക് വിശേഷങ്ങള്‍ കൈമാറും തമിഴിനും മലയാളത്തിനും ഇടയിലെ ഏതോ ഭാഷയില്‍. അങ്ങനെ പറഞ്ഞ് പറഞ്ഞ് അവന്റെ കള്ളച്ചിരിയില്‍ നിന്ന്, എനിക്ക്
മനസ്സിലായി നാട്ടില്‍ കാത്തിരിക്കുന്നു “അക്കാ പൊണ്ണ് ” എന്ന്. ചിന്ന പൊണ്ണാണ് ചേച്ചി, ഒന്‍പതില്‍ പഠിക്കുന്നു . പത്തു വരെ വിടണം അവനു നിര്‍ബന്ധം . ഇടക്ക്
മണിയോര്‍ഡറില്‍ അഡ്രസ് എഴുതാന്‍ കൊണ്ട് വരുമ്പോള്‍ അവന്റെ മുഖത്ത് തെല്ലും ജാള്യതയോ വിധേയത്വമോ ഇല്ലായിരുന്നു. ഇതൊക്കെ സാധാരണം . ചിലര്‍ക്കേ അക്ഷരം വിധിച്ചിട്ടുള്ളു എന്ന ഭാവം . എങ്കിലും അവള്‍ പഠിക്കണം,

രണ്ട് കൊല്ലം അങ്ങനെ കഴിഞ്ഞു. ഒരു ദിവസം നിറങ്ങള്‍ വാരിപൂശിയ ഒരു തമിഴ് ക്ഷണക്കത്തുമായി അവന്‍ വന്നു . നാണത്തില്‍ പൊതിഞ്ഞ ചിരിയില്‍ പറഞ്ഞു
‘അക്കാപൊണ്ണിനി എന്റെ വീട്ടിലാവും’ .
‘നാട്ടിലേക്കു കൂട്ടുമോ പരമശിവം’ എന്ന ചോദ്യത്തിന് അപ്പാവും അമ്മാവും സമ്മതിച്ചാല്‍ … എന്നു മറുപടി .


കല്യാണം കഴിഞ്ഞ് അവന്‍ വന്നു . ‘പുതുപ്പെണ്ണില്ല കൂടെ. കുറച്ചു നാള്‍ അവിടെ നിക്കട്ടെ ചെച്ചീ… പണികളൊക്കെ പഠിക്കട്ടെ. പഠിപ്പിക്കാന്‍ വിട്ടതുകൊണ്ട്
പെണ്ണ് കൊഞ്ചിപ്പോയി.. ഒന്നും അറിഞ്ഞൂടാ’.
6 മാസങ്ങള്‍ക്ക് ശേഷമാണ് അവള്‍ വന്നത്.
എന്റെ റ്റ്യൂഷന്‍ കുട്ടികളെ പോലെഒരു പ്ലസ്റ്റു കുട്ടിയായിരുന്നു മനസ്സില്‍. എന്നാല്‍, ആകാംക്ഷയോടെ വാതില്‍ തുറന്ന എന്റെ മുന്നില്‍ കടും നിറത്തിലുള്ള ചേലയുടുത്ത്,അതിന്റെ തുമ്പ് മുന്നിലേക്ക് വലിച്ച് കുത്തി ,ഇറുക്കിപ്പിന്നിയ തലമുടിക്കെട്ടില്‍ ഒരു വിരല്‍ നീളത്തില്‍ മുല്ലപ്പൂചൂടി, വലിയ മൂക്കൂത്തിയിട്ട്, കുപ്പിവളകിലുക്കവുമായി ഒരു തനി തമിഴ് പെണ്‍കൊടി!

‘ഒട്ടുമേ മലയാളം അറിയില ചെച്ചി.’-അവന്‍ പറഞ്ഞു.

എങ്കിലും ഞങ്ങള്‍ വേഗം കൂട്ടായി. ഇടക്ക് സ്റാന്റോടു കൂടി ടിവി വലിച്ച് വച്ച് ഞാനും അവളും തമിഴ് പാട്ടുകള്‍ കണ്ടു. അവള്‍ വാക്കുകളുടെ അര്‍ത്ഥം പറഞ്ഞു തന്നു. എങ്കിലും അവന്റെ ഓരോ ചലനങ്ങളിലും അവള്‍ ജാഗരൂകയാവുന്നത് ഞാന്‍ കണ്ടു. കയ്യില്‍ കൊണ്ടുവന്ന പ്ലാസ്റിക് വയര്‍ വരിഞ്ഞ ബാഗില്‍ നിന്ന് ചോറു പൊതി പുറത്തെടുത്ത് ഉണ്ണുമ്പോളും അവള്‍ ഊഴം കാക്കും. ‘നിനക്കൊപ്പമിരുന്നൂടെ…?
‘അത് ഞങ്ങള്‍ക്ക് പാടില്ല ചേച്ചി’-എനിക്ക്പെ രുവിരല്‍ മുതല്‍ പെരുത്ത് വരും.
ഇങ്ങനെ കുറെ സ്ഥിരം ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും

‘എന്തിനാ ഈ ചെറിയ ദേഹത്തില്‍ ഇത്ര വലിയ സാരി , നിനക്ക് ചുരിദാറിട്ടൂടെ.
ഇത്ര വലിയ മൂക്കൂത്തി വേണോ? ഒട്ടിക്കുന്ന പൊട്ട് തൊട്ടൂടെ? താലി മാല പുറത്തിട്ടൂടെ?”
എല്ലാത്തിനും അവള്‍ക്കൊരേ ഉത്തരം.

കഷ്ടി മൂന്നു മാസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, അമ്മയാവാന്‍ പോവുന്നെന്ന്. ഒരു കാര്യത്തില്‍ ഞാനും അവളും അങ്ങനെ യോജിച്ചു. ചര്‍ദ്ദിക്കല്‍.
വീട്ടിലെ മൂത്ത പെണ്‍കുട്ടി, വീട്ടിലേക്ക് വന്ന് കയറിയ ആദ്യ പെണ്‍കുട്ടി , അങ്ങനെ വി ഐ പി ആയി ആഘോഷിച്ചായിരുന്നു എന്റെ ആദ്യ മൂന്നു
മാസക്കാല ചര്‍ദ്ദി. എന്തേലും കഴിക്ക് എന്ന് പറഞ്ഞു നിരത്തി വയ്ക്കുന്ന വിഭവങ്ങള്‍ തട്ടിയെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തിയുടെ മട്ടായിരുന്നു എനിക്ക്.

ഇവളാകട്ടെ മാവിന്‍ചുവട്ടിലെ തണലില്‍ തളര്‍ന്നിരിക്കുന്നതുകാണാം. ചിലപ്പോള്‍ സിറ്റൌട്ടില്‍ ചെരിഞ്ഞു കിടക്കും . എന്നാലും അവന്‍ കൈ
കഴുകാന്‍ പോയാല്‍ അവള്‍ തട്ടിക്കുടഞ്ഞെണീറ്റ് വാട്ടിയ ഇലയില്‍ നിരത്തി വയ്ക്കും വിഭവങ്ങള്‍. എന്നിട്ട് വായ് പൊത്തി അപ്പുറത്തേക്കോടും . അടഞ്ഞ
പാത്രങ്ങളില്‍ നിന്നുയരുന്ന ഭക്ഷണത്തിന്റെ ഗന്ധം എത്ര അരോചകമാണ് ആസമയത്തെന്ന് നല്ലോണമറിയാവുന്ന ഞാന്‍ ചോദിക്കും

‘അവന്‍ തന്നെ എടുത്തുണ്ണില്ലെ ?’
‘അവര്‍ക്കൊന്നുമറിയില്ല ചേച്ചി…’-മറുപടി.
പിന്നെ നീ വരുന്നതിനുമുന്‍പ് അവനെങ്ങനെയാ ജീവിച്ചിരുന്നത് എന്നും പറഞ്ഞു ഞാന്‍ പല്ലു ഞെരിച്ച് അകത്തേക്ക് പോവും .

ഒരു നാള്‍ പെട്ടെന്ന് നെഞ്ച് പൊട്ടിക്കുന്ന ഒരു അലമുറ കേട്ടാണ് ഞാന്‍ ഉമ്മറവാതില്‍ തുറന്നത്. നോക്കുമ്പോള്‍ തേപ്പു വണ്ടിയുടെ ചുവട്ടില്‍ അവന്‍ വീണു കിടക്കുന്നു. അവള്‍ നെഞ്ചത്തടിച്ച് കരയുന്നു. ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍, പേടിക്കാനില്ല പനി കൂടിയിട്ടാണ്. ഇഞ്ചക്ഷനും മരുന്നുമൊക്കെ തന്നു . വിശ്രമിക്കാന്‍ പറഞ്ഞു . തിരിച്ച് വീട്ടില്‍ വിടാം എന്ന് പറഞ്ഞപ്പോള്‍, വേണ്ട ഞങ്ങളുടെ വീട്ടില്‍ ഇറങ്ങിയാല്‍ മതീന്ന് അവള്‍. വീട്ടില്‍ വന്ന് ഒരു പായും പുതപ്പും മേടിച്ച്
അതില്‍ അവനെ കിടത്തി.

പിന്നെ ഞാന്‍ കണ്ടത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. ആ ചെറിയ ശരീരത്തില്‍ നിന്ന് പ്രസരിക്കുന്ന ഊര്‍ജ്ജത്തില്‍ ഞാന്‍ കണ്ണ് പുളിച്ച് നിന്ന് പോയി. നെഞ്ചിനോളം ഉയരം വരുന്ന തേപ്പുവണ്ടിയില്‍ ഏന്തിവലിഞ്ഞ് ആ വലിയ തേപ്പുപെട്ടി എടുത്ത് തുണികള്‍ തേച്ചു മടക്കുന്ന അവള്‍. തണുത്ത വെള്ളത്തില്‍ തുണി മുക്കി അവന്റെ നെറ്റിയും നെഞ്ചും തുടക്കുന്ന , ഓടിപ്പോയി ഓക്കാനിച്ചു വരുന്ന, തുണിക്കെട്ടുമായി വീടുകളിലേക്ക് പായുന്ന അവള്‍. !!
ഒരു നാലഞ്ച് മണിക്കൂര്‍ ഞാന്‍ സിനിമയിലെന്നപോലെ നോക്കി നിന്നു പോയി. “ചേച്ചി ഇന്നു കിട്ടിയാലേ ഇന്നത്തെ അത്താഴത്തിനുള്ളു. ഇതു വരെ
എനിക്കൊരു മുട്ടു വരുത്തീട്ടില്ല എന്റെ ആള്‍ . പോരാത്തതിന് മേടിച്ച തുണികള്‍ തിരിച്ച് കൊടുക്കാത്തത് ഐശ്വര്യക്കേടും.”

അവളെ ഞാന്‍ വായെടുത്തു വിളിച്ചില്ലാ വള്ളീ എന്ന് . എന്നാല്‍ മനസ്സില്‍ പറഞ്ഞൂ നീ തന്നെ വള്ളി. ചുറ്റിപിണഞ്ഞ് കയറാനും , പൂക്കള്‍ വിരിയിക്കാനും , കായ് താങ്ങി നിര്‍ത്താനും നീ തന്നെ വേണം. നീ തന്നെ ശിവന്റെ വള്ളി. നിന്നെ എടുത്തു മാറ്റിയാല്‍ ‘ശിവ’നില്ല പിന്നെ ‘ശവ’മാണ് .